ലോക വൃക്ക ദിനാഘോഷങ്ങളുടെ ഭാഗമായി പരുമല ആശുപത്രിയിൽ കഴിഞ്ഞ ഒരു മാസമായി നടന്നുവന്ന പരിപാടികളുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട തിരുവല്ല നിയോജക മണ്ഡലം എംഎൽഎ ശ്രീ മാത്യു ടി തോമസ് നിർവഹിച്ചു.
പരുമല സെമിനാരി മാനേജർ കെ വി പോൾ റമ്പാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് ഡയാലിസിസ് രോഗികളുടെയും, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിധേയരായവരുടെയും സംഗമവും, സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടത്തി.
നെഫ്രോളജി വിഭാഗം മേധാവി ഡോക്ടർ ഹരീഷ് കെ ജി കിഡ്നി സ്ക്രീനിങ്ങിന്റെ പ്രാധാന്യത്തെ പറ്റിയും, CRRT ഡയാലിസിസ്, പരുമല ആശുപത്രിയിലെ സമ്പൂർണ്ണ വൃക്ക രോഗ ചികിത്സാ സൗകര്യങ്ങൾ എന്നിവയെപ്പറ്റി വിശദീകരിച്ചു.
യൂറോളജി വിഭാഗം മേധാവിയും ട്രാൻസ്പ്ലാൻറ് & റോബോട്ടിക് സർജനുമായ ഡോക്ടർ മായങ്ക് ഭാരതി പരുമല ആശുപത്രിയിലെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിഭാഗത്തിൽ ലഭ്യമാകുന്ന അതിനൂതന ചികിത്സകളെ പറ്റി സംസാരിച്ചു.
ചടങ്ങിൽ പരുമല ആശുപത്രിയിൽ വച്ച് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരും, വൃക്ക ദാതാക്കളും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.
പ്രസ്തുത സമ്മേളനത്തിൽ ആശുപത്രി സിഇഒ ഫാദർ എം സി പൗലോസ്, ഫിനാൻസ് കോഡിനേറ്റർ ഫാദർ തോമസ് ജോൺസൺ കോർഎപ്പിസ്കോപ്പ, ആശുപത്രി ചാപ്ലയിൻ ഫാദർ ജിജു വർഗീസ്, കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോക്ടർ അഭിലാഷ് വി ചെറിയാൻ, കൺസൾട്ടന്റ് പതോളജിസ്റ്റ് ഡോക്ടർ ലിൻ്റാ തമ്പി, ശ്രീ അലക്സ് മണപ്പുറം, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് പ്രദീപ് മാമൻ മാത്യു, ശ്രീ അലക്സ് അരികുപുറം, ശ്രീ തോമസ് ജോൺ എന്നിവർ സന്നിഹിതരായിരുന്നു.